
ഫിറ്റ്നസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറുപടികളും.
എന്താണ് ഫിറ്റ്നസ് ഗ്രൂപ്പ് ?
ഓരോ ബാച്ചിലുമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി, അവർക്ക് മാത്രം കാണാൻ പറ്റുന്ന ഒരു പ്രൈവറ്റ് ഫേസ്ബുക്ക് ഗ്രൂപ്പ് ആണിത്. ഓരോ ബാച്ചുകൾ ആയാണ് അവിടെ അഡ്മിഷൻ നൽകുന്നത്. ഈ ഗ്രൂപ്പിനുള്ളിലാണ് ഫിറ്റ്നസ് വർദ്ധിപ്പിക്കാനുള്ള വർക്കൗട്ടുകൾ, കുടവയറും, അനാവശ്യ ഫാറ്റുമൊക്കെ കുറയ്ക്കാനുമുള്ള വർക്കൗട്ടുകൾ, ഇതിന്റെ ഒപ്പം ചെയ്യേണ്ട ഡയറ്റുകൾ,
ഇതെല്ലാം ചർച്ച ചെയ്യുന്നത്. ബാച്ച് തുടങ്ങി അവസാനിക്കുന്നത് വരെ അവിടെ എല്ലാ ദിവസവും ഈ വിഷയത്തിൽ instructions ഉം ചർച്ചകളുമെല്ലാം ലഭിക്കും. ഇതെല്ലാം നടക്കുന്നത് പൂർണ്ണമായും ഈ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിനുള്ളിൽ മാത്രമാണെങ്കിലും, അതിനു പുറമേ, അറിയിപ്പുകളും മറ്റും നൽകാൻ വാട്സപ്പും ഉപയോഗിക്കാറുണ്ട്.
ആർക്കൊക്കെ ഫിറ്റ്നസ് ഗ്രൂപ്പിൽ അംഗമാവാം.?
പ്രായപൂർത്തിയായവർക്ക്, അതായത് പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് ഗ്രൂപ്പിൽ പ്രവേശനം. ഉയർന്ന പ്രായപരിധിയില്ല. നിങ്ങൾ എത്ര വയസ്സുള്ള ആളാണെങ്കിലും, അത് 70 വയസ്സോ, 80 വയസ്സോ ഒക്കെ ആവട്ടെ, ഏത് പ്രായത്തിലും നല്ല ആരോഗ്യശീലങ്ങളും ഭക്ഷണശീലങ്ങളും നമുക്ക് ആരംഭിക്കാം. വിവിധ ഏജ് ഗ്രൂപ്പുകളിലുള്ളവർ ഇതിനു മുൻപത്തെ ബാച്ചുകളിൽ അംഗങ്ങളായിട്ടുണ്ട്, വിജയകരമായി ഭാരം കുറയ്ക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങൾ ചെറുപ്പമോ മധ്യവയസ്സോ, അങ്ങനെ ഏത് പ്രായത്തിലുള്ള ആളുമാവട്ടെ, കാർഡിയോ വർക്കൗട്ടുകൾ / റെസിസ്റ്റൻസ് വർക്കൗട്ടുകൾ/
HIIT വർക്കൗട്ടുകൾ, ഡയറ്റ് എന്നിവ ചെയ്യാൻ ആരോഗ്യവാന്മാരാണെന്ന്,അവരവരുടെ ഡോക്ടറോട് സംസാരിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഈ ഗ്രൂപ്പിൽ അംഗത്വമെടുക്കാൻ പാടുള്ളൂ…
കാരണം, ചില അസുഖങ്ങൾ, ഉദാഹരണത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ഒക്കെ പെട്ടെന്നൊരു ദിവസം വർക്കൗട്ട് ചെയ്യാൻ തുടങ്ങിയാൽ പലവിധ അപകടങ്ങൾക്ക് കാരണമാവാം,
അതു പോലെ തന്നെയാണ് ചില മരുന്നുകൾ കഴിക്കുന്നവരും. ഫിറ്റ്നസ് വർദ്ധിപ്പിക്കാനാണല്ലോ നമ്മൾ ഈ ഗ്രൂപ്പിൽ വരുന്നത്. അതൊരിക്കലുംനമ്മളെ ഒരു അപകടത്തിലേക്ക് നയിക്കുന്നതാവരുത്. എന്നു വച്ച് എന്തെങ്കിലും ഒരു അസുഖമോ പരിമിതിയോ ഉള്ളവർക്ക് ഒരിക്കലും വർക്കൗട്ടും ഡയറ്റുമൊന്നും ചെയ്യാനേ പറ്റില്ല എന്നല്ല.
നമുക്ക് വേണ്ട മാറ്റങ്ങളോടെ, ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ഇതൊക്കെ ചെയ്യാനാവും. എന്തൊക്കെ മാറ്റം വരുത്തണം എന്ന് നിങ്ങളെ കാണുന്ന ഡോക്ടർക്കേ പറയാൻ സാധിക്കൂ...
ഇത് ഗ്രൂപ്പിലേക്ക് വരുന്നതിനു മുൻപ് മാത്രമല്ല, വർക്കൗട്ടും ഡയറ്റും തുടങ്ങിയതിനു ശേഷമാണെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ, അപ്പോത്തന്നെ വർക്കൗട്ടും ഡയറ്റും നിർത്തണം. ഡോക്ടറെ ചെന്ന് കാണുകയും വേണം. അവരവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്, അതുകൊണ്ട് തന്നെ ഈ സ്റ്റെപ്പുകൾ അത്രക്ക് ഗൗരവത്തിൽ തന്നെ ചെയ്യണം.
എത്രയാണ് ഗ്രൂപ്പിലേക്കുള്ള ഫീസ്?
ഇതൊരു പെയ്ഡ് ഗ്രൂപ്പാണ്. ഫീസ് വാങ്ങിയാണ് ബാച്ചിലേക്ക് മെമ്പർഷിപ്പ് നൽകുന്നത്. അടുത്ത ബാച്ച് 2025 സെപ്റ്റംബർ 22 ന് ആരംഭിച്ച് 2025 ഡിസംബർ 27 വരെയുള്ള ബാച്ചിലേക്ക് 4900/- ( Rupees Four Thousand Nine hundred only) ആണ് ഫീസ്. ഇത് ഈ മൂന്നര മാസത്തേക്കുള്ള മുഴുവൻ ഫീസാണ്. ഒരു ബാച്ചിലേക്കുള്ള മെമ്പർഷിപ്പ് ഫീസ് മുഴുവനായും ആ ബാച്ചിന്റെ അഡ്മിഷനു മുൻപായി അടക്കേണ്ടതാണ്. ഒരിക്കൽ ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ ഈ തുക റീഫണ്ട് ചെയ്യാനോ,
അല്ലെങ്കിൽ മറ്റൊരാളുടെ അംഗത്വത്തിന് വേണ്ടി മാറ്റാനോ പറ്റില്ല. അതുകൊണ്ട് കൂടിയാണ് ഗ്രൂപ്പിനെപ്പറ്റിയുള്ള കാര്യങ്ങളും, നിബന്ധനകളുമെല്ലാം വിശദമായ വീഡിയോ ആയി HOW TO JOIN എന്ന പേജിൽ നൽകിയിരിക്കുന്നത്. ഫിറ്റ്നസ് ഗ്രൂപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ,
വളരെ ശ്രദ്ധയോടെ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കണ്ട് മനസ്സിലാക്കി, ഈ ഗ്രൂപ്പും അതിന്റെ രീതികളും അവരവർക്ക് യോജിച്ചതാണെന്ന് ഉറപ്പുവരുത്തി, വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതിനു ശേഷം മാത്രമേ, ഇവിടെ അംഗമാവാവൂ...
അതേയ്.... എനിക്ക് പെട്ടെന്ന് തടി കുറയണം, അതിന് ഈ ഗ്രൂപ്പിൽ നിന്ന് എന്തെങ്കിലും സീക്രട്ട് വർക്കൗട്ടോ ഡയറ്റോ ഒക്കെ തരുമോ....?
ലോകമെമ്പാടും ആളുകൾ ഫോളോ ചെയ്യുന്ന സാധാരണ വർക്കൗട്ടുകളും ഡയറ്റും മാത്രമാണ് അഞ്ജു ഹബീബ് ഫിറ്റ്നസിന്റെ ഗ്രൂപ്പുകളിൽ നിന്നും നിങ്ങൾക്ക് തരുന്നത്. ദേ, ഒന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ തന്നെ ഒരുപാട് നല്ല സോഴ്സുകളിൽ നിന്ന് ഇതുപോലെയുള്ള ഒരുപാട് വർക്കൗട്ടും ഡയറ്റും ഒക്കെ കിട്ടും.
ഈ ഗ്രൂപ്പിൽ ചെയ്യുന്നത്, ശാസ്ത്രീയമായ രീതിയിൽ, ചിട്ടയായി, ഈ വർക്കൗട്ടുകൾ പറഞ്ഞുതരുകയും, ഈ വർക്കൗട്ടും ഡയറ്റും ഒക്കെ റെഗുലറായി ചെയ്യാനും, അങ്ങനെ ഫാറ്റ് കുറയാനും, ഫിറ്റ്നസ് കൂടാനും ഒക്കെ സഹായമായൊരു, യുണീക് അന്തരീക്ഷമൊരുക്കുകയുമാണ്. അല്ലാതെ, എന്തെങ്കിലും ഒരു പ്രത്യേക വർക്കൗട്ട് ഫോർമുലയോ, സ്പെഷ്യൽ ഡയറ്റോ ഒന്നും, അങ്ങനെയൊന്നും ഈ ഗ്രൂപ്പിലില്ല.
ദേഹമനങ്ങി വർക്കൗട്ട് ചെയ്യാതെ, കൃത്യമായ ഡയറ്റ് പാലിക്കാതെയൊക്കെ തടി കുറക്കാം,
എന്നതിനുള്ള ഷോർട്ട്‌കട്ട് അല്ലേയല്ല ഈ ഗ്രൂപ്പ്. അങ്ങനെ സ്വിച്ചിട്ടത് പോലെ ഹെൽത്തി ആയി ശരീരഭാരവും ഫാറ്റുമൊന്നും കുറയ്‌ക്കാനുമാവില്ല. അതിന് ശരീരത്തിന് ആവശ്യമായ സമയം കൊടുക്കണം. കൃത്യമായി വ്യായാമങ്ങളും ഭക്ഷണവുമൊക്കെ നൽകുക തന്നെ വേണം.



